മികച്ച അഭിനയം കാഴ്ചവെച്ച തഴക്കര രാജം

മികച്ച അഭിനയം കാഴ്ചവെച്ച തഴക്കര രാജം

കേരളത്തിലെ അനേകം നാടക സമതികളുടെ നാടകങ്ങളിൽ അഭിനയിച്ച് അഭിനയ ലോകത്ത് നന്നായി പേരെടുത്ത തഴക്കര രാജം ആദ്യകാലത്ത് ധാരാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ഒരു പൂർണ്ണ പ്രക്രിയയുടെ അനുകരണമെന്ന് അരിസ്റ്റോട്ടിൽ നിർവചിച്ച കല-നാടകം. മനുഷ്യ ജീവിതത്തിൻ്റെ നാനാതലങ്ങളെ ഇത്രയും സ്വാഭാവികമായി ആവിഷ്കരിക്കുവാൻ മറ്റേതൊരു കലയാലും സാദ്ധ്യമല്ല. നാടകാവതരണത്തിലൂടെ പ്രേക്ഷകന് ലഭിക്കുന്നത് എന്തുമാകട്ടെ, അരങ്ങിലെത്തിയാൽ കഥാപാത്രമായി മാറുന്ന നടീനടന്മാർക്കും യഥാർത്ഥ ജീവിതത്തെ രംഗവേദിയിലേക്ക് ആവാഹിക്കുന്ന നാടക പ്രവർത്തകർക്കും അരങ്ങിനും അണിറക്കുമപ്പുറം ഒരു ജീവിതമുണ്ട്. നാട്ടരങ്ങുകളിൽ നാം കണ്ടിട്ടില്ലാത്തത്ര നാടകീയത നിറഞ്ഞ ജീവിതം…. അഥവാ നാടകത്തിനായി നടയിരുത്തിയ ജീവിതം…. ഒരു കല എന്നതിനപ്പുറം മാനവിക ബോധം ഊട്ടിയുറപ്പിക്കുന്ന ഒരു മാദ്ധ്യമമായി കേരളക്കരയിലുടനീളം സ്വാധീനം ചെലുത്തിയ മലയാള നാടകവേദിയിലെ മഹാപ്രതിഭകളെ ഒരുപാടു പേരുമായി സംസാരിച്ചിട്ടുണ്ട്. അതിൽ ഒരാളാണ് തഴക്കര രാജം.
രാജം അഭിനയിച്ച ഒരു നാടകത്തിൽ നിന്നു തന്നെ തുടങ്ങാം. “നിരപരാധിയായ എൻ്റെ ഭർത്താവിൻ്റെ കഴുത്തിൽ കൊലക്കയർ വീഴുമ്പോൾ എൻ്റ കൈകളിൽ വിലങ്ങെങ്കിലും വീഴട്ടെ ” കായംകുളം കേരള ആർട്സ് തീയേറ്റേഴ്സിൻ്റെ ‘ രാമരാജ്യം’ എന്ന നാടകത്തിലെ ഭവാനിയുടെ ഹൃദയസ്പൃക്കായ ഈസംഭാഷണം ഇന്നും നാടക പ്രേമികൾ ഓർക്കുന്നുണ്ടാകാം. വർഷങ്ങൾക്കു മുൻപ് ഈ സംഭാഷണം കേട്ട് നാടക പ്രേമികളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടാകാം. ആ ഭവാനിയെ അവതരിപ്പിച്ചത് തഴക്കര കെ. ആർ. രാജം ആയിരുന്നു.
മാവേലിക്കരയിലെ തഴക്കരയിൽ രാമൻപിള്ളയുടെയും കല്യാണി അമ്മയുടെയും മകളായ രാജം കുട്ടിക്കാലത്തു തന്നെ കലാരംഗത്തോട് താൽപ്പര്യമുള്ളവൾ ആയിരുന്നു. നാടകരംഗത്തോട് അവൾക്ക് വലിയ താൽപ്പര്യം ആയിരുന്നു. മകൾ നാടകത്തിനു പോകുന്നുത് അച്ഛന് തീരെ താൽപ്പര്യം ഇല്ലായിരുന്നു. കലാനിലയം ഡ്രാമാസ്കോപ്പിൽ അഭിനയിക്കാൻ പല പ്രാവശ്യം രാജത്തിനെ വിളിച്ചെങ്കിലും അച്ഛൻ വിട്ടില്ല. അച്ഛൻ മരിച്ചതിനു ശേഷം രാജം തയ്യൽ പഠിക്കുവാൻ പോയി. തയ്യൽ കടയിലെ ആശാൻ രാജത്തിൻ്റെ രാജത്തിൻ്റെ അഭിനയിക്കാൻ ഉള്ള താൽപ്പരും മനസ്സിലാക്കി , തയ്യൽ പഠിപ്പിക്കുന്ന ആശാന് ഉദയാസ്റ്റുഡിയോയുമായി പരിചയം ഉണ്ടായിരുന്നു. ആശാൻ ഉദയാസ്റ്റുഡിയോയുമായി ബന്ധപ്പെട്ടു. ഉദയായുടെ അടുത്ത സിനിമയായ ‘ശകുന്തള ‘ യിലേക്ക് രാജത്തിന് അഭിനയിക്കാൻ അവസരം കൊടുത്തു. ശകുന്തളയുടെ തോഴിയായി അഭിനയിച്ചു. അന്ന് രാജത്തിന് ഇരുപത് വയസ്സ്. ആദ്യ ചിത്രത്തിൽ തന്നെ പ്രേംനസീറിനൊപ്പം അഭിനയിക്കാൻ രാജത്തിന് ഭാഗ്യം ലഭിച്ചു. അതിനു ശേഷം കുറേ സിനിമകളിൽ രാജംഅഭിനയിച്ചു. ശകുന്തള , ലോറനീ എവിടെ, പഞ്ചവൻകാട്, ജയിൽ, തിലോത്തമ, അനാർക്കലി,ഏഴുരാത്രി, അന്വേഷിച്ചു കണ്ടെത്തിയില്ല തുടങ്ങിയ സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ രാജം ചെയ്തു. നാടകത്തിനു മുൻപെ സിനിമ അഭിനയമാണ് രാജം തുടങ്ങിയത്.
ആറ്റിങ്ങലുള്ള ഒരു ട്രൂപ്പിൻ്റെ നാടകത്തിലാണ് രാജം ആദ്യമായി അഭിനയിക്കുന്നത്. ‘ദൈവവം തന്ന സന്തതികൾ ‘ എന്നായിരുന്നു നാടകത്തിൻ്റെ പേര് . കുടുംബാസൂത്രണവുമായി ബന്ധപ്പെട്ട നാടകമായിരുന്നു. ആനാടകം സർക്കാർ ഏറ്റെടുത്ത് നടത്തുകയായിരുന്നു. രണ്ടു വർഷക്കാലം കേരളത്തിൻ്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെയുള്ള എല്ലാ ജില്ലകളിലും ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളിലും ലക്ഷദ്വീപിലും വരെ ആ നാടകം വൻ വിജയകരമായി അവതരിപ്പിച്ചു. “കുടുംബാസൂത്രണവുമായി.ബന്ധപ്പെട്ട നാടകം എല്ലാ മനസ്സുകളിലും ആശയം ചെല്ലും വിധം അവതരിപ്പിക്കുമായിരുന്നു. രണ്ടു സ്ത്രീകളാണ് ആ നാടകത്തിലെ പ്രധന കഥാപാത്രങ്ങൾ. ചേട്ടത്തിയും അനുജത്തിയുമായ രണ്ട് പെൺകുട്ടികൾ, അനുജത്തി ഞാനായിരുന്നു ഞങ്ങൾ കുടുംബാസൂത്രണത്തിൽ വിശ്വാസമുളള വരായതിനാൽ ഞങ്ങൾക്ക് രണ്ടു കുട്ടികളേയുള്ളു. ചേട്ടത്തിയായി അഭിനയിക്കുന്നവർക്ക് ഒത്തിരി കുട്ടികളാണ്. കുട്ടികൾ കൂടിയാൽ കുടുംബത്തിനുണ്ടാകുന്ന വിഷമം കാണകളെ മനസ്സിലാകുന്ന വിധം ഞങ്ങൾ നാടകത്തിലൂടെ അവതരിപ്പിച്ചു. രണ്ടു വർഷം ഇൻഡ്യയിലെ നാലു സംസ്ഥാനങ്ങളിലും ലക്ഷദ്വീപിലും അവതരിപ്പിച്ച ആ നാടകം കാണികൾക്കെല്ലാം ഇഷ്ടപ്പെട്ടു. ആ നാടക പ്രവർത്തകരും താരങ്ങളോട് നല്ല പെരുമാറ്റമായിരുന്നു. “
‘ദൈവം തന്ന സന്തതികൾ ‘ എന്ന നാടകത്തിലൂടെ രാജത്തിനെ നാടകരംഗം ശ്രദ്ധിക്കാൻ തുടങ്ങി. അതോടെ പല സമതികളും രാജത്തിനെ അഭിനയിക്കാൻ വിളിച്ചു തുടങ്ങി. നാടകത്തിൽ അഭിനയ തിരക്ക് വർദ്ധിച്ചപ്പോൾ രാജം സിനിമ അഭിനയം നിർത്തി. പ്രധാന നാടക നടിയായ രാജത്തിന് അന്ന് 15 രൂപയായിരുന്നു ദിവസശമ്പളം. രാജത്തിൻ്റെ കുടുംബത്തിൻ്റെ വരുമാനവും ആ 15 രൂപയായിരുന്നു. പല സമതികളിലും പ്രധനപ്പെട്ട വേഷം രാജം അവതരിപ്പിച്ചു. “അന്ന് ഒരു മാസമൊക്കെ റിഹേഴ്സൽ കാണും ഓരോ നടനും നടിക്കും നാടകത്തിലെ കഥാപാത്രങ്ങളുടെ പൂർണ്ണ രൂപം കിട്ടിയതിനു ശേഷമേ നാടകം തുടങ്ങുകയുള്ളായിരുന്നു. വീട്ടുചിലവ് കിട്ടണമെങ്കിൽ നാടകത്തിൽ നന്നായി അഭിനയിച്ചേ പറ്റൂ. എല്ലാ നടീനടന്മാരും ആത്മാർത്ഥമായി അഭിനയിക്കും. നാടകത്തിൽ അഭിനയിക്കുന്ന കഥാപാത്രങ്ങൾക്ക് അസുഖമായി കിടക്കാൻ പോലും പറ്റില്ല. കുടുംബത്തിൻ്റെ ചെലവിനു വേണ്ടി ഏത് അസുഖവും സഹിച്ച് അഭിനയിച്ചേ പറ്റൂ.”
കൊല്ലം സ്ഥിരം നാടകവേദിയുടെ നാടകത്തിൽ ടിപ്പുവിൻ്റെ ഭാര്യ ബീഗത്തെ അവതരിപ്പിച്ചത് രാജം ആയിരുന്നു. നാടകം അവസാനിക്കുമ്പോൾ ഒത്തിരി കാണികൾ ബീഗമായി അഭിനയിച്ച എന്നെ കാണാൻ സ്റ്റേജിൽ ചാടി കയറുമായിരുന്നു. നാടകപ്രേമികളാരും ആ ബീഗത്തെ മറക്കുകയില്ല. കായംകുളം പീപ്പിൾ തീയറ്റർ, കൊല്ലം യൂണിവേഴ്സൽ, ആലപ്പി തീയറ്റേഴ്സ്, കൊല്ലം കെക്കാസ്,കൊല്ലം സ്ഥിരം നാടകവേദി, കായംകുളം കേരള ആർട്സ് തിയറ്റേഴ്സ് തുടങ്ങിയ സമിതികളിൽ പ്രശസ്തമായ പല കഥപാത്രങ്ങളെയും രാജം അവതരിച്ചിട്ടുണ്ട്.
തിലകൻ, എം.ജി. സോമൻ, കെ.പി.എ.സി സുലോചന, ചങ്ങനാശേരി നടരാജൻ, അടൂർ ഭവാനി, മാവേലിക്കര പൊന്നമ്മ തുടങ്ങിയ വരോടൊപ്പം രാജം നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച കഥാപാത്രങ്ങളെ എല്ലാം രാജം ഇഷ്ടപ്പെടുന്നു. ഏറെ ഇഷ്ടപ്പെടുന്നത് ‘ രാമരാജ്യം’ എന്ന നാടകത്തിലെ ഭവാനിയെയാണ്. ഭവാനിയെ രാജത്തിന് ഏറെ ഇഷ്ടമാണ്.
കുടുംബച്ചിലവിനായി നാടകാഭിനയത്തെ എടുത്ത രാജത്തിൻ്റെ വിവാഹ കാര്യം കൂടി അറിയാം. കരുനാഗപ്പള്ളിയിൽ ഒരു നാടകത്തിനു പോയപ്പോൾ നാടകമെല്ലാം കഴിഞ്ഞ് നാടകം ബുക്കു ചെയ്തിരുന്ന മഠത്തിൽ പരമേശ്വരൻപിള്ള രാജത്തിനെ നേരിൽക്കണ്ട് എൻ്റെ ഭാര്യയായി കഴിയണമെന്നു പറഞ്ഞു. വീട്ടിൽ വന്ന് ചോദിച്ച് വീട്ടുകാർ സമ്മതിച്ചാൽ ഞാൻ തയാറാണ് എന്ന് രാജം പറഞ്ഞു. ഇനി മഠത്തിൽ പരമേശ്വരൻപിള്ളയെ ക്കുറിച്ച് അറിയാം. വലിയൊരു ബിസിനസ് കാരനും അനേകം ബസുകളുടെ ഉടമസ്ഥനും വിവാഹിതനും രണ്ടു കുട്ടി കളുടെ അച്ഛനുമായിരുന്നു. ദാമ്പത്യ ജീവിതം സുഖകരമല്ലാത്തതിനാൽ അദ്ദേഹം വേറൊരു ഭാര്യയെ അന്വേഷിച്ചു നടക്കുകയായിരുന്നു. അങ്ങനെയാണ് രാജത്തിൻ്റെ മുന്നിൽ എത്തിയത്.

ഒരു മൺകുടിലിൽ ജനിച്ചു വളർന്ന രാജം ഒരുപാട് കഷ്ടപെട്ടു. അച്ഛൻ്റെ മരണത്തിനു ശേഷം അമ്മയുടെയും മറ്റ് സഹോദരങ്ങളുടെയും ചെലവ് വഹിച്ചിരുന്നത് രാജമാണ്. സഹോദരികളെ വിവാഹിതരാക്കാനും ഒരുപാട് ബുദ്ധിമുട്ടി. ഈ അവസരത്തിലാണ് മഠത്തിൽ പരമേശ്വരൻപിള്ള ഭാര്യയാക്കാൻ ആഗ്രഹിച്ചത്. മൺകുടിലിൽ ജനിച്ച് അഭിനയുമായി നടക്കുന്ന രാജത്തിന് നല്ലൊരു ബന്ധം കിട്ടാൻ വളരെ ബുദ്ധിമുട്ടായിരുന്നു. പരമേശ്വരൻപിളളയെ വിവാഹം ഒഴിയാൻ ആദ്യ ഭാര്യ സമ്മതിച്ചില്ല. വിവാഹം ഒഴിയാതെ തന്നെ വീട്ടുകാരുടെ മുന്നിൽ വെച്ച് താലി കെട്ടി അദ്ദേഹം രാജത്തെ സ്വന്തമാക്കി. അദ്ദേഹത്തിൻ്റെ സ്വത്ത് ഒന്നും രാജം ആവശ്യപ്പെട്ടില്ല. അദ്ദേഹം മൺകുടിൽമാറ്റി ചെറിയൊരു വീട് പണിയിച്ചു. ഭർത്താവിൻ്റെ സ്വത്തുക്കൾ ഒന്നുമില്ലാതെ നല്ലൊരു ഭർത്താവിനെ മാത്രമേ രാജം കൊതിച്ചിരുന്നുള്ളു.

“കൂടെ നിൽക്കുന്നവർക്ക് നമ്മളോട് ആത്മാർത്ഥത വേണമെന്നൊന്നും ഇല്ല. കായംകുളം കേരള ആർട്സ് തീയേറ്റേഴ്സിൻ്റെ ‘രാമരാജ്യം’ എന്ന നാടകത്തിൽ ഞാൻ അഭിനയിച്ചത് എൻ്റെ ഭർത്താവിൻ്റെ നിർബന്ധം കൊണ്ടാണ്. ഭർത്താവ് പറഞ്ഞതുകൊണ്ട് അഭിനയിക്കാൻ പോയി നാടകത്തിൻ്റെ ഒരു മാസത്തെ റിഹേഴ് സലിനു വേണ്ടി എൻ്റെ രണ്ടു വളകൾ പണയം വയ്ക്കാൻ കൊടുത്തു . നാടകം വൻ വിജയമായിരുന്നു. ആ നാടകത്തിലെ എൻ്റെ ഭവാനി എന്ന കഥാപാത്രത്തെ നാടകം കണ്ടവർ എല്ലാം ഇഷ്ടപ്പെട്ടു. എന്നെക്കുറിച്ച് നല്ലതു പറയുന്നത് അതിലെ പലർക്കും ഇഷ്ടപ്പെട്ടില്ല. അതിൽ ഒരു ഹാസ്യ നടൻ ഉണ്ട് ഒരു നടിയുണ്ട് പിന്നെ വേറൊരു നടൻ ഉണ്ട്. പിന്നെ നാടകത്തിൻ്റെ ഒരു പ്രവർത്തകൻ. ഇത്രയും പേർ എനിക്ക് എതിരെ നിന്ന് അതിൽ മറ്റൊരു നടിയെ വെച്ചു. അതോടെ ആ നാടകം തീരെ മോശമായി വീണ്ടും എന്നെ അഭിനയിക്കാൻ വിളിച്ചു . ഞാൻ പോയില്ല. ഇത്തരം നടന്മാരും നടികളുമൊക്കെയാണ് പല നാടകത്തിലും കൂഴപ്പങ്ങൾ ഉണ്ടാക്കുന്നത്. ഞാൻ നാടകത്തിൻ്റെ ചിലവിന് പണയം വെക്കാൻ കൊടുത്ത എൻ്റെ വളഞാൻ തിരിച്ച് വാങ്ങി. രാമരാജം നാടകത്തിനു ശേഷം ഞാൻ നാടകത്തിൽ അഭിനയിക്കാൻ പോയിട്ടില്ല.
കായംകുളം പീപ്പിൾ തീയേറ്ററിൻ്റെ ഒരു നാടകത്തിനായി വടക്കേ ഇൻഡ്യയിൽ യാത്ര നടത്തി. രണ്ടു മൂന്നു നാടകവുമായാണ് പോയത്. വടക്കേ ഇൻഡ്യൻ യാത്രയിൽ നാടക സംവിധായകൻ്റെ ഭാര്യയും എല്ലാം കൂടെ ഉണ്ടായിരുന്നു. 25 രൂപയായിരുന്നു ഒരു നാടകം അഭിനയിക്കുന്നതിന് കിട്ടിയിരുന്നത്. 30 ദിവസവും നാടകമുണ്ടായിരുന്നു. നാലു നാടകം കളിച്ചു കഴിഞ്ഞ് ഒരു നാടകം അന്ന് ഫ്രീയായി കളിക്കണമായിരുന്നു. ആ സമയത്തെ ആഹാര ചിലവും മറ്റും നാടകത്തെ കൊണ്ടുപോകുന്ന ആൾക്കാർ നടത്തുമായിരുന്നു. 30 ദിവസത്തെ അഭിനയവും കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ മുഴുവൻ കാശ് നാടക സമതിക്കാർ തന്നില്ല ഞാൻ കൃത്യമായി കിട്ടാനുള്ള തുക എത്രയാണെന്ന് എഴുതി ഇട്ടിട്ടുണ്ടായിരുന്നു. വഴക്കിട്ട് മുഴുവൻ കാശ് വാങ്ങിയിട്ട് പീപ്പിൾ തീയേറ്ററിലെ അഭിനയം നിർത്തി. വീണ്ടും വിളിക്കാൻ ട്രൂപ്പിൽ നിന്നും ആൾക്കാർ വന്നു തുടങ്ങി. ഞാൻ പോയില്ല. കുടംബചിലവിനുവേണ്ടി കാശില്ലാതെ അഭിനയിക്കാൻ എനിക്ക് പറ്റില്ല എന്ന് ഞാൻ പറഞ്ഞു. നാടകത്തിലെല്ലാം നല്ല അഭിനയം കാഴ്ചവെച്ചിരുന്ന എന്നെ ട്രൂപ്പിൽ നിന്നു മാറ്റാൻ കൊതിയും നുണയും പറഞ്ഞു കൊടുക്കാനും ഒത്തിരി ആൾക്കാർ ട്രൂപ്പിൽ ഉണ്ടായിരുന്നു. പിന്നീട് ആ ട്രൂപ്പിൽ അഭിനയിച്ചില്ല.
സെയ്ത്താൻ ജോസഫ് സാർ നടത്തിയിരുന്ന ആലപ്പി തീയേറ്റേഴ്സിലാണ് പിന്നീട് ഞാൻ അഭിനയിച്ചത്. നാടകകൃത്തും സംവിധാകനുമായ സെയ്ത്താൻ ജോസഫ്സാർ വളരെ നന്നായി നടത്തിയിരുന്ന നാടക ട്രൂപ്പാണ് അത്. ബൈബിൾ നാടകങ്ങൾ അദ്ദേഹത്തിൻ്റെ പ്രധാന നാടകങ്ങൾ ആയിരുന്നു. കൂടാതെ മറ്റു സാമൂഹിക നാടകങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. രണ്ടു നാടകങ്ങളിലും ഞാൻ അഭിനയിച്ചിട്ടുണ്ട്. പിന്നീടുള്ള മൂന്നുവർഷം ഞാൻ ആലപ്പി തീയേറ്റേഴ്സിലായിരുന്നു. 25 രൂപയായിരുന്നു അവിടെ നിന്നുമുള്ള ശമ്പളം.സെയ്ത്താൻ ജോസഫ് സാർ നന്നായി സംവിധാനം ചെയ്യുകയും താരങ്ങളോടെല്ലാം വളരെ സ്നേഹത്തോടെ പെരുമാറുകയും ചെയ്യുമായിരുന്നു. ഓരോ രീതിയിലുള്ള അഭിനയങ്ങൾ അദ്ദേഹം നന്നായി പറഞ്ഞു തരികയും ചെയ്യുമായിരുന്നു. മൂന്നുവർഷത്തെ അഭിനയത്തിനു ശേഷം വളരെ സ്നേഹത്തോടും സന്തോഷത്തോടുമാണ് മറ്റു ട്രൂപ്പിലേക്ക് പോയത്. “

“നാടകാഭിനയത്തിൻ്റെ കാര്യം ഒരുപാട് പറഞ്ഞു. ഞാൻ ആദ്യം അഭിനയിച്ചു തുടങ്ങിയത് സിനിമയിലാണ്. ഇനി ആദ്യം അഭിനയിച്ച സിനിമയെ കുറിച്ചു കൂടി പറയാം. അച്ഛൻ്റെ മരണശേഷമാണ് ഞാൻ സിനിമാ അഭിനയം തുടങ്ങിയത്. എന്നെ തയ്യൽ പഠിപ്പിക്കുന്ന ആശാനാണ് എന്നെ ഉദയാസ്റ്റുഡിയോയിൽ കൊണ്ടുപോയത്. അലപ്പുഴ ജില്ലയിൽ ഉണ്ടായിരുന്ന ഉദയാസ്റ്റുഡിയോ അന്നാണ് ഞാൻ ആദ്യമായി കാണുന്നത് (ഇപ്പോൾ ആ സ്റ്റുഡിയോ ഇല്ല)അവിടെ കുഞ്ചാക്കോ സാറും പ്രേംനസീർ സാറും ശാരംഗപാണി സാറുമൊക്കെയുണ്ട്. സിനിമയിൽ കണ്ടു പരിചയമുള്ളത്. മറ്റുള്ളവരെ ആരേം അറിയില്ല. എന്നെ സ്റ്റുഡിയോയിൽ കൊണ്ടുപോയ തയ്യൽആശാൻ കഞ്ചാക്കോ സാറിനോട് പറഞ്ഞു ഇവൾ അഭിനയം പഠിക്കാൻ വന്നതാണ്. കുഞ്ചാക്കോ സാർ ശകുന്തളയുടെ ഒരു തോഴിയുടെ വേഷം തന്നെ എന്നെ കെട്ടിച്ചു. ആ തോഴി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന വേഷമാണ് എനിക്ക് തന്നത്. പ്രേംനസീർ സാറിൻ്റെ കൂടെ നടന്നു വരുന്നതും രാജത്തിനെക്കൊണ്ട് ചെയ്യിച്ചു. അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന വേഷങ്ങളാണ് കൂടുതൽ ചെയ്യിച്ചത്. അത്തരം കൊച്ചു വേഷത്തോടെയാണ് സിനിമാ അഭിനയം തുടങ്ങിയത്. ശകുന്തളയിലെ അഭിനയം കഴിഞ്ഞ് വീട്ടിലേയ്ക്ക് പോയി. അതിനു ശേഷം വന്ന ഓരോ സിനിമയിലേക്കും എന്നെ വിളിച്ച് ഓരോ ചെറിയ വേഷങ്ങൾ കുഞ്ചാക്കോ സാർ തരുമായിരുന്നു. ശകുന്തളയ്ക്കു ശേഷം ലോറനീഎവിടെ എന്ന ചിത്രമായിരുന്നു. ആ ചിത്രത്തിലും ചെറിയ റോൾ എനിക്കു തന്നു. ചിത്രങ്ങൾ ഓരോന്നും അഭിനയിക്കുമ്പോൾ അഭിനയിക്കാനുള്ള എൻ്റെ കഴിവ് കൂടി കൊണ്ടിരുന്നു. പിന്നീട് ഞാൻ നാടകാഭിനയം തുടങ്ങുന്നതുവരെ ഓരോ ചിത്രത്തിലും എന്നെക്കൊണ്ട് അഭിനയിപ്പിക്കുമായിരുന്നു. പഞ്ചവൻകാട്, ജയിൽ, തിലോത്തമ, അനാർക്കലി, ഏഴുരാത്രി, അന്വേഷിച്ചുകണ്ടെത്തിയില്ല തുടങ്ങിയ സിനിമകളിലും ഞാൻ അഭിനയിച്ചു.

നാടകാഭിനയം കഴിഞ്ഞ് കയ്യിൽ കാശു വേണമെങ്കിൽ സംഗീത നാടക അക്കാദമിയിൽ നിന്ന് പെൻഷൻ വാങ്ങണമായിരുന്നു. പെൻഷൻ കിട്ടാനും ഒരുപാടു പേരെ കാണാൻ ഞാൻ ഓടി നാടകത്തിൽ അഭിനയിച്ച ഒരു സർട്ടിഫിക്കറ്റിനു വേണ്ടി ആലപ്പി തീയേറ്റേഴ്സിൽ പോകേണ്ടിവന്നു. അവിടെ ചെന്നപ്പോൾ എൻ്റെ ദുഃഖം ഇരട്ടിച്ചു. സെയ്ത്താൻ ജോസഫ് സാർ കണ്ണുകൾക്ക് കാഴ്ചയില്ലാത്തവനായി ഇരിക്കുന്നു. എൻ്റെ സംസാരത്തിൽ അദ്ദേഹത്തിന് എന്നെ മനസ്സിലായി അദ്ദേഹം എനിക്കു വേണ്ട സർട്ടിഫിക്കറ്റ് വീട്ടിലെ ഒരാളെ വിളിച്ച് ശരിയാക്കി തന്നു. അദ്ദേഹത്തിൻ്റെ സ്നേഹം കാരണം എനിക്ക് സംഗീത നാടക അക്കാദമിയിൽ നിന്ന് പെൻഷൻ കിട്ടി തുടങ്ങി. 2011 ഫെബ്രുവരി 14 ന് സെയ്ത്താൻ ജോസഫ് സാർ അന്തരിച്ചു.
ഒരുപാട് സിരിയലിൽ അഭിനയിക്കാൻ പോയിട്ടുണ്ട്. രണ്ടു ദിവസം അഭിനയിച്ചു കഴിഞ്ഞാൽ ഒരു ദിവസത്തെ കശേനമുക്ക് തരികയുള്ളു. പിന്നെ കണക്കു പറഞ്ഞ് ആരോടും വഴക്കിടാൻ വയ്യാത്തതുകൊണ്ട് ഷൂട്ടിംഗിന് പോയിട്ടില്ല. അമൃതവർഷിണി, പ്രിയം, സ്ത്രീ, കുങ്കുമപൂവ്, ഉപനയനം, സ്ത്രീധനം തുടങ്ങിയ നല്ല സീരിയലുകളിൽ കൊച്ചു കൊച്ചു വേഷങ്ങൾ ചെയ്തിട്ടുണ്ട് “
രാജത്തിൻ്റെ കഷ്ടകാലം വീണ്ടും തുടങ്ങി. നാടകാഭിനയത്തിനിടെ ഉദരരോഗം പിടിപെട്ട് ചികിൽക്കായി ഒരുപാട് ആശുപത്രികളിൽ പോകേണ്ടിവന്നു. അസുഖം പൂർണമായും മാറാൻ രണ്ടു വർഷത്തെ ചികിൽസയും പൂർണ്ണ വിശ്രമവും ആവശ്യമായി വന്നു. അസുഖം മാറിക്കഴിഞ്ഞപ്പോൾ രാജത്തിൻ്റെ ശരീരം മെലിഞ്ഞ് വല്ലാത്തൊരു അവസ്ഥയിൽ എത്തിചേർന്നു. പിന്നീട് പല ട്രൂപ്പുകളും രാജത്തെ ഉൾപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഭർത്താവ് സമ്മതിചില്ല. അസുഖം എല്ലാം മാറി ശരീരമെല്ലാം പഴയ സ്ഥിതിയിലായിട്ട് ഇനി പരിപാടിയെക്കുറിച്ച് ചിന്തിച്ചാൽ മതിയെന്നായിരുന്നു അദ്ദേഹത്തിൻ്റെ അഭിപ്രായം.
ബിസിനസുകാരനായ മഠത്തിൽ പരമേശ്വരൻപിള്ളയ്ക്കും കഷ്ടകാലം തുടങ്ങി. അദ്ദേഹത്തിൻ്റെ ബിസിനസ് ടാക്സ്കാരും മറ്റും പരിശോധിച്ചു ബിസിനസ് വളരെ പരാജയമായി. അദ്ദേഹം വാഹനങ്ങൾ എല്ലാം വിറ്റു. വസ്തുക്കൾ എല്ലാം അദ്ദേഹം ആദ്യ ഭാര്യയ്ക്കും കുട്ടികൾക്കുമായി കൊടുത്തു. സ്നേഹിച്ച ഭർത്താവു മാത്രമായി രാജത്തിന് സ്വന്തം. കുറച്ചു നാൾ കഴിഞ്ഞപ്പോൾ പരമേശ്വരൻപിള്ളയും മരിച്ചു. രാജത്തിൻ്റെ ചെറിയൊരു വീട്ടിൽ രാജം തനിച്ചും. 1600 രൂപ പെൻഷൻ കിട്ടുന്നുണ്ട്. ശരീര അസുഖങ്ങൾ എല്ലാം മാറി നല്ല സിനിമയിലും സീരിയലിലുമൊക്കെ അഭിനയിക്കാൻ രാജത്തിന് പറ്റുന്നില്ല. പഴയ തു പോലെ കൂടുതൽ സമയം നിൽക്കാനും നടക്കാനുമൊക്കെബുദ്ധിമുട്ടു തുടങ്ങി. രാജത്തിൻ്റെ ബുദ്ധിമുട്ടുകൾ മാറി വീണ്ടും നല്ല ആരോഗ്യത്തോടെ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

Rajasekharan Muthukulam

Related post